DTV News
DTV News
തിരുവനന്തപുരം

കല്ലമ്പലത്ത് എം.ബി.ബി.എസ്. വിദ്യാർഥി കാറിൽ മരിച്ച നിലയിൽ

DTV News 07 October 2026 07:50 PM
dtv news

കല്ലമ്പലം: കല്ലമ്പലത്ത് ദേശീയപാതയിലെ സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മടവൂർ സീമന്തപുരം സിംപിൾ ഹൗസിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ അൻസാറിന്റെയും ഇളമ്പ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സീനയുടെയും മകൻ ആഷിക്കാണ് (25) മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥിയായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ദേശീയപാതയോട് ചേർന്നുള്ള സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ആഷിക്കിനെ അനക്കമില്ലാത്തനിലയിൽ കണ്ടെത്തിയത്. കാറിന്റെ സീറ്റിൽ ചാരിക്കിടക്കുന്ന നിലയിലായിരുന്നു. വൈകീട്ട് നാലുമണിയോടെ പള്ളിയിലേക്കും തുടർന്ന് കല്ലമ്പലത്തേക്കും പോകുമെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതോടെ പിതാവ് അൻസാർ സുഹൃത്തിനൊപ്പം അന്വേഷണം ആരംഭിച്ചു.

ആഷിക്കിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കല്ലമ്പലം-തട്ടുപാലം ഭാഗത്താണ് ലൊക്കേഷൻ ലഭിച്ചത്. തുടർന്ന് കല്ലമ്പലം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

ഓഗസ്റ്റ് ഒൻപതിനാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ആഷിക്കിനെ കാണാതായത്. 12 ദിവസത്തിനുശേഷം ഗോവയിൽനിന്നാണ് പോലീസ് ആഷിക്കിനെ കണ്ടെത്തിയത്. നാട്ടിലെത്തിയശേഷം കോഴ്സ് പൂർത്തിയാക്കി വീട്ടിൽ കഴിയുകയായിരുന്നു. ആഷിക്കിന്റെ മൃതദേഹം പോങ്ങനാട് ആരൂർ ജമാഅത്ത് കബർസ്ഥാനിൽ സംസ്കരിച്ചു.

സഹോദരി അജിന കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിനിയാണ്. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം തുടരുകയാണ്.

Share News