ലക്‌നൗ: വിവാഹം കഴിച്ചതിനുശേഷം വഞ്ചിച്ചുവെന്ന തായ് യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. തായ്‌ലാൻഡ് സ്വദേശിയായ അപ്‌സോണിന്റെ പരാതിയിൽ കാൺപൂർ സ്വദേശിയായ ലെതർ ബിസിനസുകാരൻ ഇർഫാൻ ആണ് അറസ്റ്റിലായത്. തായ്‌ലൻഡിൽ റെസ്റ്റോറന്റും ക്യാന്റീനും നടത്തുന്ന അപ്‌സോൺ സമൂഹമാദ്ധ്യമത്തിലൂടെയാണ് ഇർഫാനുമായി പരിചയത്തിലായത്. സൗഹൃദം പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും നയിക്കുകയായിരുന്നു.
അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചാണ് വിവാഹം കഴിച്ചതെന്ന് അപ്‌സോൺ പറയുന്നു. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. ഇതിനുശേഷം ബിസിനസ് ആവശ്യങ്ങളെന്നും മറ്റും പറഞ്ഞ് ഇർഫാൻ 60 ലക്ഷം രൂപ പലപ്പോഴായി തന്റെ കയ്യിൽ നിന്ന് വാങ്ങിയെന്ന് യുവതി പറയുന്നു. കുറച്ചുനാൾ കഴിഞ്ഞ് ഇർഫാൻ എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും ഒന്നുമറിയിക്കാതെ ഇന്ത്യയിലേയ്ക്ക് മടങ്ങിയെന്നും യുവതിയുടെ പരാതിയിലുണ്ട്.
മാസങ്ങളായിട്ടും ഇർഫാന്റെ വിവരം ലഭിക്കാതായതോടെ ഇന്നലെ അപ്‌സോൺ ഇന്ത്യയിലെത്തി. കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ വിവാഹിതനാണെന്നും രണ്ട് മക്കളുടെ പിതാവുമാണെന്നും മനസിലായത്. 12 വർഷം മുൻപായിരുന്നു വിവാഹം. തന്നെ വഞ്ചിച്ചതെന്തിനെന്ന് ചോദിച്ചുകൊണ്ട് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇർഫാൻ മർദ്ദിച്ചതായി യുവതി പറഞ്ഞു.
പണം തിരികെ നൽകണമെങ്കിൽ ഇസ്‌ലാം മതം സ്വീകരിച്ച് ബുർഖ ധരിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത പൊലീസ് ഇർഫാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.