കണ്ണൂർ: യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോകോൾ ചെയ്യിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ പരിയാരം തിമരി സ്വദേശി ലിജേഷ് (39) ആണ് അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങൾ സ്ക്രീൻഷോട്ട് എടുത്ത ലിജേഷ് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായാണ് പരാതി.
യുവതിയുമായി അടുപ്പംസ്ഥാപിച്ച ലിജേഷ് യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിപ്പിക്കുകയും അവർ അറിയാതെ സ്ക്രീൻഷോട്ട് എടുക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഈ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെടുകയായിരുന്നു. നിരന്തരമുള്ള ഭീഷണി സഹിക്കാനാകാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ലിജേഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. അന്വേഷണത്തിൽ ലിജേഷ് യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സ്ആപ്പിലൂടെ ചില സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി. ലിജേഷ് സമാനമായ രീതിയിൽ ആരെയെങ്കിലും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. കേസിൽ കോടതിയിൽ ഹാജരാക്കിയ ലിജേഷിനെ റിമാൻഡ് ചെയ്തു.