DTV News
DTV News
Politics

ഇന്ത്യ കരുത്താർജ്ജിക്കുന്നു - നരേന്ദ്രമോദി; കയറ്റുമതിയിൽ റെക്കോർഡ്

DTV News 07 October 2026 08:50 PM
dtv news

ന്യൂഡൽഹി: സർക്കാർ തലപ്പത്ത് തുടർച്ചയായ 25 വർഷത്തെ പൊതുസേവനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പൂർത്തിയാക്കിയതിനോടനുബന്ധിച്ച് രാവിലെ സരോജിനി നഗറിലുള്ള ശ്രീ വിനായക ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. പൂജകളിലും പങ്കുചേർന്നു. തുടർന്ന് ന്യൂഡൽഹിയിൽ ‘വികസിത് ഭാരത് സങ്കൽപ്പ് സഭ’യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും 2047-ഓടെ വികസിത രാഷ്ട്രമെന്ന സ്വപ്നം ഇന്ത്യ തീർച്ചയായും സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരുകാലത്ത് നയപരമായ സ്തംഭനാവസ്ഥയുടെ പേരിൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഇന്ത്യ, ഇന്ന് വർദ്ധിച്ചുവരുന്ന കരുത്തിന്റെയും അതിജീവനശേഷിയുടെയും പേരിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടയിൽ സാഹചര്യം പൂർണമായും മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഇറക്കുമതി വർദ്ധിപ്പിക്കാനായിരുന്നു ശ്രമങ്ങൾ നടന്നിരുന്നതെങ്കിൽ, ഇന്ന് ഇന്ത്യ കയറ്റുമതിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണെന്ന് മോദി പറഞ്ഞു.

ആവശ്യമായ മൊബൈൽ ഫോണുകൾ മുൻപ് ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നുവെങ്കിൽ, ഇന്ന് ‘മെയ്ഡ് ഇൻ ഇന്ത്യ’ മൊബൈൽ ഫോണുകൾ ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ പരിവർത്തനത്തിന്റെ മറ്റൊരു പ്രധാന ഉദാഹരണമായി അദ്ദേഹം കൃഷിമേഖലയെ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും ഉയർന്നതും സുസ്ഥിരവുമായ കാർഷിക വളർച്ചയ്ക്ക് 2015 മുതൽ 2025 വരെയുള്ള ദശകം സാക്ഷ്യം വഹിച്ചു. മുൻകാല റെക്കോർഡുകളെല്ലാം ഇത് മറികടന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമായ ഉദ്ദേശ്യശുദ്ധിയും കൃത്യമായി ആസൂത്രണം ചെയ്ത നയങ്ങളും ഉണ്ടാകുമ്പോൾ ഇത്തരം പരിവർത്തനങ്ങൾ സാധ്യമാകുമെന്ന് മോദി പറഞ്ഞു.

രാജ്യം ഇന്ന് തങ്ങളുടെ വെല്ലുവിളികൾക്ക് ശാശ്വത പരിഹാരങ്ങൾ കണ്ടെത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ അനുച്ഛേദം 370-മായി ബന്ധപ്പെട്ട വിഷയം ഒരുകാലത്ത് പരിഹരിക്കാനാകാത്ത ഒന്നായി തോന്നിയിരുന്നുവെങ്കിലും, ആ തടസം പൂർണമായും നീക്കം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നക്സലിസം രാജ്യത്തിന് ഒരു ശാപമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും, ഇപ്പോൾ അതിന്റെ നട്ടെല്ല് തകർക്കപ്പെട്ടുവെന്ന് മോദി നിരീക്ഷിച്ചു.

ഭീകരവാദം ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും, ഭീകരരോ അവരുടെ സൂത്രധാരന്മാരോ ഒരിക്കലും പിന്മാറില്ലെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ന്, അവരുടെ ശക്തികേന്ദ്രങ്ങളിൽ തന്നെ കടന്നുകയറി ഇന്ത്യ അവർക്കെതിരെ ശക്തമായ തിരിച്ചടി നൽകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Newspaper Digital Copy

07 October 2026 • PDF, 2.6 MB

Share News