DTV News
DTV News
തിരുവനന്തപുരം

മതിയായ രേഖകളില്ല, മൂന്നു മാസമായി കോവളത്തെ ഹോംസ്റ്റേയിൽ താമസം; റഷ്യൻ വനിത പിടിയിൽ

DTV News 07 October 2026 08:30 PM
dtv news

കോവളം: മതിയായ രേഖകളില്ലാതെ കോവളത്തെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന റഷ്യൻ വനിതയെ കോവളം പോലീസ് കസ്റ്റഡിയിലെടുത്തു. അന്നാ അൽക്സീവ (44)യെ ആണ് കോവളത്തെ ഹോംസ്റ്റേയിൽ കോവളം എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മൂന്നു മാസമായി കോവളത്തെ ഹുസൈൻ എന്നയാളുടെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. കോവളത്ത് താമസിക്കുന്ന വിദേശികളെക്കുറിച്ച് ബന്ധപ്പെട്ട ഹോട്ടൽ ഉടമകളോ ഹോംസ്റ്റേ നടത്തുന്നവരോ പോലീസ് സ്റ്റേഷനിൽ വിവരം നൽകുന്നതിൽ താമസം വരുത്തിയിരുന്നു. ഇത് സംബന്ധിച്ച് കോവളം പോലീസ് നടത്തിയ പരിശോധനയിലാണ് റഷ്യൻ വനിതയും പിടിയിലാകുന്നത്.

ഹോംസ്റ്റേയിൽ ഇവർ 2019-ൽ വന്നുപോയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഗോവയിൽ തങ്ങിയ ഇവർ അവിടെയുള്ള പീറ്റർ എന്നയാളെ വിവാഹം കഴിച്ചിരുന്നുവെന്നും പറയുന്നു. ഇവരുടെ പക്കൽ പാസ്പോർട്ട്, വിസ അടക്കമുള്ള രേഖകൾ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു മാസമായി കോവളത്ത് തങ്ങിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഉസ്ബെക്കിസ്ഥാനിൽനിന്ന് റഷ്യയിലേക്ക് കുടിയേറിയതാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പോലീസിന് വിവരം നൽകാത്തതിനെ തുടർന്ന് ഇവരെ താമസിപ്പിച്ചിരുന്ന ഹോംസ്റ്റേ നടത്തിപ്പുകാരൻ ഹുസൈനെതിരെ കോവളം പോലീസ് കേസെടുക്കും. റഷ്യൻ വനിതയെ എഫ്.ആർ.ആർ.ഒ. ഓഫീസിലും എത്തിച്ചിരുന്നു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തേടിവരുകയാണെന്ന് കോവളം എസ്.എച്ച്.ഒ. ഷീന അറിയിച്ചു.

Share News